An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Wednesday, 24th June 2026

ജൂൺ 30 മുതൽ പ്ലാസ്റ്റിക് നോട്ടുകൾ വരുമെന്ന പ്രചാരണം വ്യാജം! ‌

രാജ്യത്ത് നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിർത്തലാക്കാൻ പോകുകയാണെന്നും, പകരം ജൂൺ 30 മുതൽ പ്ലാസ്റ്റിക് നോട്ടുകൾ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നുമുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണ്. 


പ്ലാസ്റ്റിക് അഥവാ പോളിമർ (Polymer) അധിഷ്ഠിത കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലിറക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ ആർ.ബി.ഐയുടെ പരിഗണനയിലുണ്ടെന്ന് മുൻപ് നടന്ന ഒരു പത്രസമ്മേളനത്തിൽ ആർ.ബി.ഐ ഗവർണർ പരാമർശിച്ചിരുന്നു. ഈ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് ജൂൺ 30-ഓടെ പേപ്പർ നോട്ടുകൾ മാറുമെന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ തീയതി സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.


കറൻസി നോട്ടുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും വലിയ മാറ്റങ്ങൾ ഉണ്ടായാൽ അത് ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പ്രമുഖ മാധ്യമങ്ങൾ വഴിയും മാത്രമേ ജനങ്ങളെ അറിയിക്കുകയുള്ളൂ. ഇത്തരം സന്ദേശങ്ങൾ ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാൻ ഇടയാക്കും. അതിനാൽ വാട്‌സ്ആപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും വരുന്ന ഇത്തരം വിവരങ്ങൾ സത്യമാണെന്ന് ഉറപ്പുവരുത്താതെ മറ്റുള്ളവർക്ക് കൈമാറരുത്. നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ പിൻവലിക്കാനോ ജൂൺ 30 മുതൽ പ്ലാസ്റ്റിക് നോട്ടുകൾ നിർബന്ധമാക്കാനോ ആർ.ബി.ഐ തീരുമാനിച്ചിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.


ഈ വാർത്ത പങ്കുവെക്കുക: