An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 4th August 2026

സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകള്‍ തുറന്നുവിടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം


സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തുറന്നുവിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വ്യാജവുമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്.


ഇടുക്കി (38.91%), ഇടമലയാർ  (46.64%), ബാണാസുര സാഗർ (52.90%), കക്കി (44.82%), കല്ലട (45.00%), മലമ്പുഴ (35.00%), പീച്ചി (34.00%) എന്നിങ്ങനെയാണ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്.


മൂഴിയാർ ഉൾപ്പെടെയുള്ള ചെറിയ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടേണ്ടതുണ്ടോയെന്ന് ദിവസേന രണ്ടുതവണ കെ.എസ്.ഇ.ബി.യും (KSEB) ജലസേചന വകുപ്പും സംയുക്തമായി പരിശോധിച്ച് ജില്ലാ കളക്ടർമാരെ അറിയിക്കും. ജില്ലാ കളക്ടറുടെ പൂർണ്ണ അംഗീകാരത്തോടെയും മുൻകൂട്ടിയുള്ള ഔദ്യോഗിക മുന്നറിയിപ്പുകളോടെയും മാത്രമേ ചെറിയ അണക്കെട്ടുകൾ പോലും തുറക്കുകയുള്ളൂ. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.


വ്യാജ വാർത്തകളും അനാവശ്യ ഭീതി പടർത്തുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കാതിരിക്കുക. ദുരന്തനിവാരണ അതോറിറ്റിയുടെയും സർക്കാരിന്റെയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക.

ഈ വാർത്ത പങ്കുവെക്കുക: