An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 22nd June 2026

വ്യാജ സമ്മാന ലിങ്കുകൾ വഴി സാമ്പത്തിക തട്ടിപ്പ്: ജാഗ്രത!


പ്രമുഖ പാൽ ഉൽപന്ന സ്ഥാപനങ്ങളുടെയും ബിസിനസ്സ് ബ്രാൻഡുകളുടെയും 'വാർഷികാഘോഷ സമ്മാനം', 'സൗജന്യ ഗിഫ്റ്റ്' എന്നിവ നൽകുന്നു എന്ന പേരിൽ വാട്‌സ്ആപ്പിൽ ലിങ്കുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്ത് ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ 'സ്ക്രാച്ച് ആൻഡ് വിൻ' വഴി വലിയ സമ്മാനങ്ങൾ നേടാമെന്നാണ് പ്രചാരണം.


ഈ പ്രചാരണങ്ങൾ വ്യാജവും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതുമാണ്. പ്രമുഖ ബ്രാൻഡുകളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത്  സൈബർ കുറ്റവാളികൾ നടത്തുന്ന തട്ടിപ്പാണിത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം പൂർണ്ണമായും നഷ്ടപ്പെടാൻ കാരണമായേക്കാം. ‌‌


വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ പ്രമുഖ കമ്പനികളുടെ ഔദ്യോഗിക സൈറ്റാണെന്ന് തോന്നിപ്പിക്കുന്ന വ്യാജ പേജുകളിലേക്കാണ് പ്രവേശിക്കുന്നത്. സൈറ്റിലെ ലളിതമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെടുകയും, തുടർന്ന് 'സ്ക്രാച്ച് ആൻഡ് വിൻ' വഴി നിങ്ങൾക്ക് വലിയ സമ്മാനം അടിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. സമ്മാനം കൈപ്പറ്റുന്നതിനായി ഈ വ്യാജ സന്ദേശം മറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യാൻ അവർ ആവശ്യപ്പെടുന്നു. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് തട്ടിപ്പ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.


ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്നു. തുടർന്ന് ഫോണിലെ ബാങ്ക് വിവരങ്ങളും ഒടിപിയും ചോർത്തി അക്കൗണ്ടിലുള്ള പണം മുഴുവൻ പിൻവലിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാം.വാട്‌സ്ആപ്പ്, എസ്.എം.എസ്  എന്നിവ വഴി വരുന്ന ഇത്തരം അജ്ഞാത ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. വസ്തുത അറിയാത്തതും സംശയാസ്പദവുമായ ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാതിരിക്കുക.


നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും സമയം കളയാതെ ഉടൻ തന്നെ '1930' എന്ന നമ്പറിലോ അല്ലെങ്കിൽ www.cybercrime.gov.in ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക. ആദ്യത്തെ മണിക്കൂറുകളിൽ  പരാതിപ്പെടുന്നത് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ടാഗുകൾ

Financial fraud
ഈ വാർത്ത പങ്കുവെക്കുക: