An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 13th April 2026

ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് 




കേരളത്തിൽ താപനില അനിയന്ത്രിതമായി ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. ഔദ്യോഗികമെന്ന വ്യാജേന 'സിവിൽ ഡിഫൻസ് വകുപ്പിന്റെ' പേരിൽ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന സന്ദേശങ്ങൾ പൊതുജനങ്ങളിൽ ഭീതി പടർത്തുന്നവയാണ്.


ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45°C മുതൽ 55°C വരെ ഉയരും. ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധനം ഫുൾ ടാങ്ക് അടിക്കരുത്. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത് തുടങ്ങിയ വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.


കേരളത്തിൽ 'സിവിൽ ഡിഫൻസ്' എന്ന പേരിൽ പ്രത്യേക സർക്കാർ വകുപ്പില്ല. അഗ്നിരക്ഷാ സേനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സേനയാണ് കേരള സിവിൽ ഡിഫൻസ്. അവർ ഇത്തരം കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാൻ ഈ സംഘടനയ്ക്ക് അധികാരമില്ല. കേരളത്തിൽ താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോ പ്രവചിച്ചിട്ടില്ല. അശാസ്ത്രീയമായ കണക്കുകളാണ് സന്ദേശത്തിൽ ഉള്ളത്.സാധാരണ താപനിലയിൽ വാഹനങ്ങളുടെ ഇന്ധന ടാങ്ക് നിറയ്ക്കുന്നത് അപകടകരമാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. വാഹന നിർമ്മാതാക്കൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ നിർമ്മിക്കുന്നത്.


ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 (Section 54) പ്രകാരം ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് ശിക്ഷാർഹമാണ്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കും മുന്നറിയിപ്പുകൾക്കുമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) വെബ്സൈറ്റ്/സോഷ്യൽ മീഡിയ പേജുകൾ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഔദ്യോഗിക ബുള്ളറ്റിനുകൾ, കേരള സർക്കാരിന്റെ ഔദ്യോഗിക പോർട്ടലുകൾ എന്നിവ മാത്രം ഉപയോ​ഗിക്കുക. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

ടാഗുകൾ

kerala factcheck
ഈ വാർത്ത പങ്കുവെക്കുക: