An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Wednesday, 11th February 2026

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്തുന്നതിന് 85 ശതമാനം നികുതിയെന്ന വ്യാജപ്രചാരണം


ബാങ്ക് വഴി 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്തുന്നതിന് 85 ശതമാനം നികുതി ഈടാക്കുമെന്നാണ് വ്യാജപ്രചാരണം. പുതിയ ആദായനികുതി നിയമം ഇന്‍കം ടാക്‌സ് ആക്ട് 2025-2026 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. 60 വര്‍ഷത്തിലേറെയായി രാജ്യത്ത് നിലനിന്നിരുന്ന ആദായനികുതി നിയമം 1961ന് പകരമായാണിത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു വ്യാജസന്ദേശം പ്രചരിക്കുന്നത്. 


ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ സർക്കാരിലേക്ക് നേരിട്ട് നികുതി നൽകേണ്ടതില്ല. ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ അത് നികുതി ബാധകമാകുന്നത് ആ പണത്തിന്റെ സ്രോതസ്സ് വ്യക്തമല്ലാത്തപ്പോഴാണ്.ഒരു വർഷം ഒരു സേവിങ്‌സ് അക്കൗണ്ടിൽ 10 ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിച്ചാൽ ബാങ്ക് ആ വിവരം ആദായനികുതി വകുപ്പിനെ അറിയിക്കാൻ ബാധ്യസ്ഥരാണ്. ഈ പണം നിങ്ങളുടെ ശമ്പളമോ ബിസിനസ്സ് ലാഭമോ ആണെങ്കിൽ, അതിന് കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെങ്കിൽ പേടിക്കേണ്ടതില്ല. 


എന്നാൽ, വരുമാനത്തിൽ കവിഞ്ഞ തുക അക്കൗണ്ടിൽ വരികയും അതിന് കൃത്യമായ രേഖകൾ ഇല്ലാതിരിക്കുകയും ചെയ്താൽ ആദായനികുതി വകുപ്പ് വിശദീകരണം ചോദിച്ചേക്കാം. കണക്കിൽപ്പെടാത്ത പണമോ വ്യക്തമായ ഉറവിടമില്ലാത്ത നിക്ഷേപങ്ങളോ കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഇത് ബാധകമാകുന്നത്. കള്ളപ്പണവും നികുതി വെട്ടിപ്പും കർശനമായി തടയുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതല്ലാതെ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക് 85 ശതമാനം നികുതി ഈടാക്കുമെന്ന പ്രചാരണം വ്യാജമാണ്. കേന്ദ്ര സർക്കാറിന്റെ പ്രസ് ഇൻഫോർമോഷൻ ബ്യൂറോയും വ്യാജവാർത്തയാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ടാഗുകൾ

kerala factcheck
ഈ വാർത്ത പങ്കുവെക്കുക: