An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 26th May 2025

റേഷൻ വിതരണത്തിൽ പ്രതിസന്ധിയെന്നത് വ്യാജപ്രചാരണം

സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടന്നുവരികയാണ്.മെയ് 23, 2025 ഉച്ചവരെ 50,86,993 കുടുംബങ്ങൾ (49.31%) റേഷൻ കൈപ്പറ്റിയിട്ടുണ്ട്.മെയ് 20, 21, 22,23 തീയതികളിൽ യഥാക്രമം 309500, 309257, 299257,1,28,449  കുടുംബങ്ങൾ റേഷൻ കൈപ്പറ്റിയിരുന്നു. റേഷൻ കടകളിൽ ഒന്നര മാസത്തേക്കുള്ള സ്റ്റോക്ക് നിലവിലുണ്ട്. 



സാധാരണഗതിയിൽ പ്രതിമാസം ശരാശരി 81% ഗുണഭോക്താക്കളാണ് റേഷൻ കൈപ്പറ്റാറുള്ളത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ ഗുണഭോക്താക്കളിൽ 97% വും പി.എച്ച്.എച്ച്. ഗുണഭോക്താക്കളിൽ 94% വും റേഷൻ കൈപ്പറ്റുന്നുണ്ട്. മാസത്തിന്റെ അവസാന ദിനങ്ങളിലാണ് കൂടുതൽ ആളുകളും റേഷൻ വാങ്ങാനെത്താറുള്ളത്. ഈ മാസവും അവസാന ദിനങ്ങളിൽ വിതരണം ശരാശരി നിരക്കിലേക്ക് എത്തും ഇതിനിടയിലാണ് റേഷൻ വിതരണം പ്രതിസന്ധിയിലാണെന്നുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നത്.


റേഷൻ വിതരണ ഗതാഗത കരാറുകാർക്ക് കുടിശ്ശിക നൽകാനായി 50 കോടി രൂപ സർക്കാർ അനുവദിച്ചത് വിതരണം ചെയ്തിരുന്നു. ഇത് റേഷൻ വിതരണത്തെ ഒരു തരത്തിലും ബാധിക്കില്ല, സംസ്ഥാന സർക്കാർ നാലുവർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ, റേഷൻ വിതരണം താറുമാറായി എന്ന രൂപത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ ജനങ്ങളിൽ ഭീതി പരത്താൻ മാത്രമെ ഉപകരിക്കുകയുള്ളൂവെന്നും, ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ഓഫീസ് അറിയിച്ചു.


ഈ വാർത്ത പങ്കുവെക്കുക: