An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 5th April 2025

കൊയ്ത്തു കഴിഞ്ഞിട്ടും നെല്ല് സംഭരിക്കുന്നില്ലെന്ന പ്രചാരണത്തിൽ കഴമ്പില്ല !

നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു.സംസ്ഥാനത്ത്  രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരുകയാണ്. കൊയ്ത്ത് ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. രണ്ടാം വിള സംഭരണത്തിൽ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു  കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്.പാലക്കാട് ജില്ലയിൽ ഏകദേശം 45% കൊയ്ത്ത്  പൂർത്തിയായിട്ടുണ്ട്. കുട്ടനാട് മേഖലയിൽ 70 ശതമാനത്തോളം പൂർത്തിയായി. മാർച്ച് 15 വരെ പി.ആർ.എസ്. അംഗീകാരമുള്ള  കർഷകർക്ക് വില നല്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് കർഷകർക്ക് തുക നല്കി വരികയാണെന്ന് മന്ത്രി അറിയിച്ചു. 


കിഴിവിനെ സംബന്ധിച്ച തർക്കം മൂലമാണ് നെല്ലെടുപ്പ് പല പാടശേഖരങ്ങളിലും വൈകുന്നത്. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ മൂലമാണ് കിഴിവ് ആവശ്യമായി വരുന്നത്. കിഴിവിനെ സംബന്ധിച്ച് തർക്കം ഉടലെടുക്കുന്ന ഘട്ടങ്ങളിൽ ബാഹ്യഘടകങ്ങളുടെ  അളവ് ശാസ്ത്രീയമായി നിർണ്ണയിക്കാൻ അംഗീകരിക്കപ്പെട്ട ഓദ്യോഗിക സംവിധാനമുണ്ട്. തർക്കങ്ങൾ ഉടലെടുക്കുന്ന സ്ഥലങ്ങളിൽ കളക്ടർമാർ ഉൾപ്പെടെ ഇടപെട്ട് പരിഹാരം കാണുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ കർഷകർ  ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംസ്ഥാന സർക്കാർ സംഭരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.


ഈ വാർത്ത പങ്കുവെക്കുക: