An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 12th January 2024

ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം


ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പദ്ധതി ഏറ്റെടുത്തത് മുതല്‍ ദ്രുതഗതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. പുതിയ ഉപകരണങ്ങള്‍ ഇംപ്ലാന്റ് ചെയ്യുന്നതിനായി ലഭിച്ച 84 അപേക്ഷകളില്‍ 25 ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ആശുപത്രികള്‍ക്ക് തുക കൈമാറിയിട്ടുണ്ട്. നിലവില്‍ 112 പേര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രോസസര്‍ അപ്ഗ്രഡേഷന് ലഭ്യമായ 120 അപേക്ഷകളില്‍ 117നും സംസ്ഥാന ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്, സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കും.
ശ്രവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. എംപാനല്‍ ചെയ്ത 6 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നു.
ശ്രുതിതരംഗം പദ്ധതിയില്‍ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നല്‍കാനില്ല. കോക്ലിയര്‍ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ സംശയങ്ങള്‍ക്കും ആശുപത്രിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ 0471-4063121, 2960221 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഈ വാർത്ത പങ്കുവെക്കുക: